ലോകത്ത് വന്‍ സ്വീകാര്യതയാണ് ചാറ്റ് ജിപിടിക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ഉപയോക്താക്കള്‍ക്ക് സ്വകാര്യത സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് ഓപ്പണ്‍ എഐ സിഇഒ സാം ആള്ട്ട്മാന്. വ്യക്തിപരമായ പ്രശ്നങ്ങളോ സ്വകാര്യ രഹസ്യങ്ങളോ തര്‍ക്കങ്ങളോ അഭ്യൂഹങ്ങളോ ചാറ്റ് ജിപിടിയുമായി പങ്കുവെക്കുമ്പോള്‍ ശ്രദ്ധിക്കണമെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്. ഒരു കേസുണ്ടാകുമ്പോള്‍ ഉപയോക്താക്കള്‍ പങ്കുവെച്ച വിവരങ്ങള്‍ കോടതിയില്‍ തെളിവായി ആവശ്യപ്പെടാനാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ആളുകള്‍, പ്രത്യേകിച്ച് ചെറുപ്പക്കാര്‍ ചാറ്റ് ജിപിടിയോട് വളരെ വ്യക്തിപരമായ കാര്യങ്ങള്‍ സംസാരിക്കുന്നു. ഒരു മനഃശാസ്ത്രജ്ഞനെന്ന പോലെ കണക്കാക്കി ചാറ്റ് ജിപിടിയോട് പലതും വെളിപ്പെടുത്തുന്നു. ‘ഇനി ഞാനെന്തു ചെയ്യണം?’ എന്നതു പോലെയുള്ള ഉപദേശങ്ങള്‍ തേടാറുണ്ട് പലരും. ഇതില്‍ അപകടമുണ്ടെന്ന് ഞാന്‍ മുന്നറിയിപ്പ് തരികയാണ്. ഒരു ഡോക്ടറോടോ മറ്റോ സംസാരിക്കുമ്പോള്‍ അവരോട് വെളിപ്പെടുത്തിയ കാര്യങ്ങള്‍ക്ക് സ്വകാര്യതയുണ്ട്. എന്നാല്‍ ചാറ്റ് ജിപിടിയോട് നിങ്ങള്‍ വെളിപ്പെടുത്തിയ കാര്യങ്ങള്‍ കോടതികള്‍ നിയമപരമായി ആവശ്യപ്പെട്ടാല്‍ നല്കാന് ഞങ്ങള്‍ ബാധ്യസ്ഥരാണ്. ഇത് സ്വകാര്യതയെ ഗുരുതരമായി ബാധിക്കുമെന്നുമാണ് സാം ആള്ട്ട്മാന് പറഞ്ഞത്.

