മെക്സിക്കന്‍ സ്പോര്‍ട്സ് ബ്രോഡ്കാസ്റ്റിംഗ് പ്ലാറ്റ്ഫോമായ കാലിയന്റ് ടിവിയെ ഫോക്സ് ഏറ്റെടുത്തു. കാലിയന്റ് ടിവിയുടെ സ്പോര്‍ട്സ് പ്രോഗ്രാമിംഗ് വിപുലീകരിക്കാനും കൂടുതല്‍ ഉപഭോക്താക്കളെ സ്ട്രീമിംഗ് സേവനങ്ങളിലേക്ക് ആകര്‍ഷിക്കാനുമാണ് ഇതുകൊണ്ട് ഫോക്സ് മീഡിയ കമ്പനി ലക്ഷ്യമിടുന്നത് എന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. ഇതുമായി ബന്ധപ്പെട്ട കരാര്‍ തുകയോ നിബന്ധനകളോ കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
അതേസമയം ടര്‍ണര്‍, ഡിസ്കവറി, ഫോക്സ് തുടങ്ങിയ കമ്പനികളില്‍ ജോലി ചെയ്തിട്ടുള്ള കാര്‍ലോസ് മാര്‍ട്ടിനെസിനെ ഫോക്സിന്റെ ലാറ്റിന്‍ അമേരിക്കയുടെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റും മാനേജിംഗ് ഡയറക്ടറുമായി തിരഞ്ഞെടുത്തതായും ഫോക്സ് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
ഫോക്സ് സ്പോര്‍ട്സുമായി ബന്ധപ്പെട്ട് കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കുകയാണ്. മെയ് മാസത്തില്‍ വ്യൂവര്‍ഷിപ്പ് ട്രാക്ക് ചെയ്ത നീല്‍സണ്‍ റിപ്പോര്‍ട്ട് പ്രകാരം ഫോക്സ് സ്ട്രീമിംഗ് പ്രക്ഷേപണത്തിന്റെയും കേബിള്‍ ടിവി വീക്ഷിക്കുന്നവരുടെയും എണ്ണത്തില്‍ വന്‍വര്‍ധനവാണ് ഉണ്ടായിരിക്കുന്നതെന്നാണ് വിവരം. ഈ വര്‍ഷം അവസാനത്തോടെ ഫോക്സ് സ്വന്തമായി ഡയറക്ട്-ടു-കണ്‍സ്യൂമര്‍ സ്ട്രീമിംഗ് സേവനമായ ഫോക്സ് വണ്‍ ആരംഭിക്കാന്‍ പദ്ധതിയിടുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.

