കേരളത്തിലെ വാര്‍ത്താ ചാനലുകളുടെ റേറ്റിംഗില്‍ വീണ്ടും ട്വിസ്റ്റ്. കഴിഞ്ഞ ആഴ്ച ഒന്നാം സ്ഥാനത്തുണ്ടായിരുന്ന റിപ്പോര്‍ട്ടര്‍ ടിവിയെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി ഏഷ്യാനെറ്റ് ന്യൂസ് ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. 26-ാം ആഴ്ചയിലെ ജിആര്‍പി (ഗ്രോസ് റേറ്റിംഗ് പോയിന്റ്) കണക്കുകള്‍ പ്രകാരം 95 പോയിന്റുമായാണ് ഏഷ്യാനെറ്റ് ന്യൂസിന്റെ തിരിച്ചുവരവ്. മികച്ച പ്രകടനം കാഴ്ചവെച്ച 24 ന്യൂസ് 85 പോയിന്റുമായി രണ്ടാം സ്ഥാനത്ത് തന്നെ തുടരുന്നു. 80 പോയിന്റാണ് മൂന്നാം സ്ഥാനത്തേക്ക് പോയ റിപ്പോര്‍ട്ടര്‍ ടിവിക്കുള്ളത്. ഈ മൂന്ന് ചാനലുകളും തമ്മിലുള്ള കടുത്ത മത്സരമാണ് ഇപ്പോള്‍ മലയാള വാര്‍ത്താ ചാനല്‍ രംഗത്ത് നടക്കുന്നത്.
44 പോയിന്റുമായി മനോരമ ന്യൂസ് നാലാം സ്ഥാനത്തും 41 പോയിന്റുമായി മാതൃഭൂമി ന്യൂസ് അഞ്ചാം സ്ഥാനത്തുമുണ്ട്. ന്യൂസ് ചാനല്‍ രംഗത്ത് ഒരു വയസ്സ് പിന്നിടുന്ന ന്യൂസ് മലയാളം 24 , 33.06 പോയിന്റുമായി ആറാം സ്ഥാനത്ത് തുടരുകയാണ്. തൊട്ടുപിറകില്‍ 18 പോയിന്റുമായി കൈരളി ന്യൂസ്, 17 പോയിന്റുമായി ജനം ടിവി, 13 പോയിന്റുമായി ന്യൂസ് 18 കേരള , 9 പോയിന്റുമായി മീഡിയ വണ്‍ ടിവി എന്നിവയുമുണ്ട്.

