ദൽഹി: പ്രസാര്‍ ഭാരതിയുടെ രാജ്യത്തെ ഫ്രീടുഎയര്‍ ഡയറക്ട് ടു ഹോം (ഡിടിഎച്ച്) പ്ലാറ്റ്‌ഫോമായ ഡിഡി ഫ്രീ ഡിഷില്‍ ദക്ഷിണേന്ത്യന്‍ ഭാഷാ ചാനലുകളുടെ പ്രാതിനിധ്യം ശക്തിപ്പെടുത്താൻ കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സഹമന്ത്രി ഡോ. എല്‍. മുരുകന്‍ കഴിഞ്ഞദിവസം ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ലോക്‌സഭയില്‍ പങ്കുവെച്ചു. ഡിഡി ഫ്രീ ഡിഷ് രാജ്യത്തിന്റെ എല്ലാ സ്ഥലങ്ങളിലും ഇപ്പോള്‍ ലഭ്യമാണ്. ഡിഡി ഫ്രീ ഡിഷിന്റെ വ്യാപ്തി വലിയ രീതിയില്‍ വര്‍ദ്ധിച്ചു. 2018 ല്‍ 33 ദശലക്ഷം വീടുകളിലായിരുന്നു ഡിഡി ഫ്രീ ഡിഷ് ഉപയോഗിച്ചിരുന്നതെങ്കില്‍ 2024 ആയപ്പോഴേക്കും അത് ഏകദേശം 49 ദശലക്ഷമായി. പ്രേക്ഷകരുടെ എണ്ണത്തിലെ ഈ വളര്‍ച്ചയാണ് ഡിഡി ഫ്രീ ഡിഷ് ശക്തിപ്പെടുത്താന്‍ സര്‍ക്കാരിനെ പ്രേരിപ്പിക്കുന്നത്.
ദക്ഷിണേന്ത്യന്‍ ഭാഷാ ഉള്ളടക്കം പ്രോത്സാഹിപ്പിക്കും
പ്രാദേശികമായ വൈവിധ്യം വര്‍ദ്ധിപ്പിക്കുന്നതിനായി 2025 ലെ ഡിഡി ഫ്രീ ഡിഷിന്റെ ഇലേലത്തില്‍ ദക്ഷിണേന്ത്യന്‍ ഭാഷാ ചാനലുകള്‍ക്കായി പ്രത്യേകമായി സ്ലോട്ടുകള്‍ നീക്കിവച്ചിരുന്നു. കൂടാതെ ദക്ഷിണേന്ത്യയിലെ സ്വകാര്യ ചാനലുകളിൽ നിന്ന് കൂടുതല്‍ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനായി യോഗ്യതാ മാനദണ്ഡങ്ങള്‍ ലളിതമാക്കുകയും ചെയ്തിരുന്നു.
ഇതിന്റെ ഫലമായി 2025 ഏപ്രില്‍ 1 മുതല്‍ ടിവി 9 തെലുങ്ക്, ആസ്ത കന്നഡ, ആസ്ത തെലുങ്ക് എന്നീ സ്വകാര്യ ചാനലുകള്‍ ഡിഡി ഫ്രീ ഡിഷില്‍ ഉള്‍പ്പെടുത്തി. കൂടാതെ, ദൂരദര്‍ശന്റെ പ്രാദേശിക ചാനലുകളായ ഡിഡി തമിഴ്, ഡിഡി സപ്തഗിരി (തെലുങ്ക്), ഡിഡി ചന്ദന (കന്നഡ), ഡിഡി യാദഗിരി (തെലുങ്ക്), ഡിഡി മലയാളം എന്നിവയും ഇതില്‍ ചേര്‍ത്തിട്ടുണ്ട്.
ദൃശ്യതയും പ്രേക്ഷക ഇടപെടലും വര്‍ദ്ധിപ്പിക്കുന്നതിനായി ഈ ചാനലുകള്‍ സാങ്കേതിക നവീകരണവും മെച്ചപ്പെട്ട പ്രമോഷനും ചെയ്തു കൊണ്ടിരിക്കുകയാണെന്നും മന്ത്രി ലോക്‌സഭയില്‍ പറഞ്ഞു. കൂടാതെ 27 വിദ്യാഭ്യാസ ചാനലുകള്‍ നിലവില്‍ വിവിധ ദക്ഷിണേന്ത്യന്‍ ഭാഷകളില്‍ സംപ്രേഷണം ചെയ്യുന്നുണ്ട്.
അടിസ്ഥാന സൗകര്യ നവീകരണം
ബ്രോഡ്കാസ്റ്റിംഗ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് നെറ്റ്‌വര്‍ക്ക് ഡെവലപ്‌മെന്റ് (BIND) പദ്ധതി പ്രകാരം ആകാശവാണി,ദൂരദര്‍ശന്‍ കേന്ദ്രങ്ങള്‍ എന്നിവ നവീകരിക്കുന്നതിനുള്ള സര്‍ക്കാരിന്റെ തുടര്‍ച്ചയായ നിക്ഷേപങ്ങളെക്കുറിച്ചും ഡോ. മുരുകന്‍ ലോക്‌സഭയെ അറിയിച്ചു. 2021-26 കാലയളവില്‍ 2,539.61 കോടി വകയിരുത്തിയ പദ്ധതി എല്ലാ സംസ്ഥാനങ്ങളിലുമുള്ള സംപ്രേഷണം ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ്. രാജ്യവ്യാപകമായ നവീകരണത്തിന്റെ ഭാഗമായി ആകാശവാണി കേന്ദ്രങ്ങള്‍ക്ക് 64.56 കോടിയും ദൂരദര്‍ശന്‍ കേന്ദ്രങ്ങള്‍ക്ക് 4.31 കോടിയും ഉള്‍പ്പെടെ അനുവദിച്ചിട്ടുണ്ട്.
പൊതുജന സേവന വ്യാപനം
ദേശീയ, പ്രാദേശിക ചാനലുകളിലൂടെ സര്‍ക്കാരിന്റെ മുന്‍നിര പദ്ധതികളും പൊതുജന അവബോധ ക്യാമ്പയ്‌നുകളും പ്രചരിപ്പിക്കുന്നതില്‍ ഡിഡി ഫ്രീ ഡിഷ് ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഭാഷാപരമായ വ്യാപ്തിയും വികാസവും കാരണം വിവര ലഭ്യതക്കും പൊതു ആശയവിനിമയത്തിനുമുള്ള ഒരു പ്രധാന ഇടമായി ഫ്രീഡിഷ് പ്ലാറ്റ്‌ഫോം ഉയര്‍ന്നുവരുന്നുവെന്നും മന്ത്രി പറഞ്ഞു.

